NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഡാക്കിൽ മരണപ്പെട്ട സൈനികൻ ഷൈജലിന് ജന്മനാടിന്റെ അന്ത്യാഞ്ജലി

ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണപ്പെട്ട ലാൻസ് ഹവിൽദാർ മുഹമ്മദ്‌ ഷൈജലിന് ജന്മനാടിന്റെഅന്ത്യാജ്ഞലി.ഇന്നലെ  (മെയ് 29) രാവിലെ പത്തോടു കൂടി എയർ ഇന്ത്യയുടെ Al- 0425 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച ഷൈജലിന്റെ ഭൗതിക ശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആംബുലൻസിൽ വിലാപയാത്രയായാണ് ജന്മനാടായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിക്ക് വേണ്ടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ  വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം. എൽ. എമാരായ പി. അബ്ദുൾ ഹമീദ് , കെ.പി.എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഡയറക്ടർ സുരേഷ് ശേഷാദ്രി വാസം, ടെർമിനൽ മാനേജർമാരായ അർജുൻ പ്രസാദ്, ബാബു രാജേഷ്, കൊണ്ടോട്ടി തഹസിൽദാർ പി.അബൂബക്കർ തുടങ്ങിയവർ ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ , എയർപോർട്ട് അതോറിറ്റി  ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, മലപ്പുറം  ജില്ലാ സൈനീക കൂട്ടായ്മ , എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.
സൈനികൻ മുഹമ്മദ് ഷൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് സാദിഖലി ശിഹാബ് തങ്ങൾ പരപ്പനങ്ങാടി SNM സ്കൂളിൽ നേതൃത്വം നൽകുന്നു
രാവിലെ പതിനൊന്നോടെ  ഷൈജൽ പഠിച്ചു വളർന്ന തിരൂരങ്ങാടി യതീംഖാനയിൽ (പിഎസ്എംഒ കോളേജ് ക്യാമ്പസ്‌ ) ഭൗതികശരീരം പൊതുദർശനത്തിനായി എത്തിച്ചു.സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിന് പേർ ഷൈജലിന് അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേർന്നു.തുടർന്ന് ഒരു മണിയോടെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിച്ചു. ഗാർഡ് ഓഫ് ഓണറിനു ശേഷം അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ ഷൈജലിന്റെ മൃതദേഹം സംസ്‍കരിച്ചു. 122 TA മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.ഷൈജലിന്റെ മാതാവ് സുഹ്‌റ, ഭാര്യ റഹ്മത്ത്, മക്കളായ, ഫാത്തിമ സൻഹ, മുഹമ്മദ് അൻസിൽ എന്നിവർക്ക് 22 nd കമാൻഡൻറ് ലെഫ്റ്റനന്റ് കേണൽ സിദ്ധാന്ത് ചിബ്ബർ  ദേശീയ പതാക കൈമാറി.
മുഹമ്മദ് ഷൈജലിന്റെ മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടുവളപ്പിൽ എത്തിച്ചപ്പോൾ 122 ടി എ മദ്രാസ് ബറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ സിന്ധന്ത് ചിഹ്ബറിൽ നിന്നും ഭാര്യ റഹ്മത്ത് ദേശീയ പതാക ഏറ്റുവാങ്ങുന്നു.
ഡൽഹിയിൽ നിന്നും ഹവില്‍ദാര്‍ ഷൈജലിന്റെ മൃതദേഹത്തെ സുബൈദാർ പി.എച്ച് റഫി അനുഗമിച്ചു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്‌ കുട്ടി, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ,തിരൂർ ആർ.ഡി.ഒ പി. സുരേഷ് , തഹസിൽദാർ പി.ഒ സാദിഖ്, യതീം ഖാന സെക്രട്ടറി എം കെ ബാവ, കെ എൻ എം വൈസ് പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ, കെ.എൻ.എം മർകസ് ദഅവ സെക്രട്ടറി സി.പി ഉമർ സുല്ലമി, മുൻ എം.എൽ.എ പി.എം.എ സലാം, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *