NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പതിവായി വൈകിയാൽ ശമ്പളം നഷ്ടം; സർക്കാർ ഓഫീസുകളിലെ പഞ്ചിങ് ‘സ്പാർക്കു’മായി ബന്ധിപ്പിക്കും

1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം (Bio metric punching) ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി (Spark) ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ (chief secretary) നിര്‍ദേശം. സെക്രട്ടേറിയറ്റിലടക്കം ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ പതിവായി വൈകിയെത്തുന്നവർക്ക് ശമ്പളമോ അവധിയോ നഷ്ടമാകും.

പ്രവൃത്തിസമയത്ത് ജീവനക്കാര്‍ സീറ്റിലുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സെക്രട്ടേറിയറ്റില്‍ ഓരോ ബ്ലോക്കിലും അക്സസ് കണ്‍ട്രോള്‍ സമ്പ്രദായം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്പാര്‍ക്ക് മുഖേന ശമ്പളം നല്‍കുന്ന മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് സമ്പ്രദായം നിലവിലുണ്ടെങ്കിലും പലയിടത്തും ഇതിനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതുകാരണം കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ ബാധിച്ചിരുന്നില്ല.

രാവിലെയും വൈകിട്ടുമായി ഓരോ മാസവും അനുവദിച്ചിട്ടുള്ള സമയ ഇളവിന്റെ പരിധി കഴിഞ്ഞാല്‍ അവധിയായി കണക്കാക്കാനാണ് തീരുമാനം. അവധി പരിധിവിട്ടാല്‍ ശമ്പളം പോവുകയും ചെയ്യും.

എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും എല്ലായിടത്തും ഇത് ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. മാത്രമല്ല, പഞ്ചിങ് നടപ്പാക്കിയ മിക്ക ഓഫീസുകളിലും അതിനെ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുമില്ല. വൈകിയെത്തുന്നവർക്കും നേരത്തെ പോകുന്നവർക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവർക്കും മേലുദ്യോഗസ്ഥർ എതിർത്തില്ലെങ്കിൽ നിലവിൽ ശമ്പളത്തെ യാതൊരുവിധത്തിലും ബാധിച്ചിരുന്നില്ല. സ്പാർക്കുമായി ബന്ധിപ്പിച്ചാൽ പിടിവീഴുമെന്ന് കണ്ട് പല ഓഫീസുകളും അതിന് തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് പഞ്ചിങ്ങും സ്പാർക്കും ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് വീണ്ടും ഉത്തരവിറക്കിയത്. വകുപ്പുമേധാവികൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

പുതുതായി നിയമനം നേടുന്നവരും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സെക്രട്ടറിയേറ്റിൽ തിരികെയെത്തുന്നവരും ആദ്യദിവസം മുതൽ പഞ്ച് ചെയ്ത് തുടങ്ങണമെന്നും ഇല്ലെങ്കിൽ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇന്നലെ ഇറങ്ങി.

2017ൽ സെക്രട്ടറിയേറ്റിലാണ് പ‍ഞ്ചിങ്ങിനെ ആദ്യമായി സ്പാർക്കുമായി ബന്ധിപ്പിച്ചത്. തുടർന്ന് മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നതിന് തുടക്കമിട്ടെങ്കിലും കോവിഡിനെ തുടർന്ന് നിർത്തിവെക്കേണ്ടിവന്നു. കോവിഡിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് പഞ്ചിങ് പുനരാരംഭിച്ചത്.

പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചാൽ-

– വൈകിയെത്തിയാലും ഒരു മാസം 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും. ദിവസം പരാമവധി 60 മിനിറ്റ്.
– ഒരു മാസം 16 മുതൽ അടുത്ത മാസം 15വരെയാകും ഗ്രേസ് ടൈം കണക്കാക്കുക.
– അവധി അപേക്ഷകൾ സ്പാർക്കിലൂടെ നൽകണം. ഇല്ലെങ്കിൽ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ശമ്പളം കുറയ്ക്കും. പിന്നീട് ഈ ദിവസത്തേക്ക് അവധി അപേക്ഷിച്ചാൽ ശമ്പളം തിരികെ ലഭിക്കും.
-ഗ്രേസ് ടൈം ഉപയോഗിച്ചുകഴിഞ്ഞ ശേഷവും താമസിച്ചുവരികയും നേരത്തെ പോവുകയും ചെയ്താൽ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ആ ദിവസത്തെ ശമ്പളം കുറയ്ക്കും.
– ഒരു ദിവസം 7 മണിക്കൂറാണ് ജോലിസമയം. ഒരുമാസം 10 മണിക്കൂറിലേറെ അധിക ജോലി ചെയ്താൽ ഒരു ദിവസം കോംപൻസേറ്ററി ഓഫ് എടുക്കാം.
– ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് അവധിയായി ക്രമീകരിക്കാനേ കഴിയൂ.

Leave a Reply

Your email address will not be published.